തിരുവനന്തപുരം : ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. ഡി. നെൽസണെ സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച നിലവിലുള്ള മാനദണ്ഡങ്ങൾ ലംഘിച്ച് ഔദ്യോഗിക ഡ്യൂട്ടി സമയത്ത് ജോലിക്ക് ഹാജരാകാതെ സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് അച്ചടക്ക നടപടിക്കും തുടർ അന്വേഷണത്തിനും വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരമായിരുന്നു നടപടി.
സംസ്ഥാനത്തെ ആരോഗ്യ വകുപ്പിൻ കീഴിലെ ഡോക്ടർമാർ സ്വന്തം വീടിനോട് ചേർത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ടെങ്കിലും ചില ഡോക്ടർമാർ അവർ ജോലി ചെയ്യുന്ന ആശുപത്രി പരിസരത്ത് വാടക മുറികളും വാണിജ്യ കെട്ടിടങ്ങളും സംഘടിപ്പിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് അനുവദനീയമല്ല ചില ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസിന്റെ മറവിൽ വീടുകൾ വാടകയ്ക്കെടുത്ത് മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിച്ചും, നേഴ്സിനെയും, ടെക്നീഷ്യനെയും, ലാബ് അസിസ്റ്റന്റിനെയും മറ്റും നിയമിച്ച് ക്ലിനിക്ക് പോലെ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംവിധാനവുമുണ്ട്.ഇത്തരം കാര്യങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽ വരികയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാവുന്നതാണ്.
A doctor from Arya Nath was suspended.